
തൃശൂര്‍: യുവാവിനെ അടിച്ചുകൊന്ന് പുഴയില്‍ തള്ളിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. തൃശൂര്‍ ചെറുതുരുത്തിയില്‍ വെച്ചാണ് മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് സ്വദേശിയായ സൈനുള്‍ ആബിദ് (39) കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ ആറ് പേരെ പൊലീസ് പിടികൂടി.
മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു. അടിച്ച് കൊന്ന ശേഷം മൃതദേഹം പുഴയില്‍ ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് മരണം ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും തെളിഞ്ഞത്. കൊല്ലപ്പെട്ട സൈനുള്‍ ആബിദ് നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.
കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് മദ്യപാനത്തിനിടെ തര്‍ക്കമുണ്ടായതെന്നാണ് സൂചന. തുടര്‍ന്ന് വാക്കേറ്റവും അടിപിടിയുമുണ്ടായി. ഭാരതപ്പുഴയില്‍ ചെറുതുരുത്തി പള്ളം ശ്മശാനം കടവുഭാഗത്ത് ചൊവ്വാഴ്ചയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തുന്നത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതികളെ വിശദമായി ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. ഇതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയുകയുള്ളൂ.
മര്‍ദ്ദനമേറ്റ സൈനുള്‍ ആബിദ് കൊല്ലപ്പെട്ടുവെന്ന് മനസ്സിലാക്കിയതിന് പിന്നാലെ ഇയാളുടെ മൃതദേഹം പുഴയിലേക്ക് എറിഞ്ഞ ശേഷം പ്രതികള്‍ സംസ്ഥാനം വിട്ട് കോയമ്പത്തൂരിലെത്തുകയും ഒളിവില്‍ കഴിയുകയുമായിരുന്നു. ഇതിനിടെയാണ് പൊലീസ് സംഘം കോയമ്പത്തൂരിലെത്തി പ്രതികളെ പിടികൂടിയത്.