വടകരയിൽ കാരവാനിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽദുരൂഹത ഇല്ല, എസിയിലെ ഗ്യാസ് ചോർന്നതെന്ന് പോലീസ്

കോഴിക്കോട്: കോഴിക്കോട്ടെ വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരുടെ മൃതദേഹങ്ങൾ ആണ് കണ്ടെത്തിയത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു രണ്ടുപേരും. ഏറെനേരെ വാഹനം ഓടിച്ചതോടെ റോഡരികിൽ നിർത്തിയിട്ട ശേഷം വിശ്രമിക്കാൻ കിടന്നതാണെന്നും ഇതിനിടെ എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്‍ ഇന്ന് രാവിലെ സ്ഥലത്ത് എത്തും. തുടർന്ന് മാത്രമേ മൃതദേഹം വാഹനത്തിൽ നിന്നും മാറ്റൂ
ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊന്നാനിയിൽ കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവറാണ് മനോജ്. ഇതേ കമ്പനിയിൽ ജീവനക്കാരനാണ് ജോയൽ. എരമംഗലം സ്വദേശിയുടേതാണ് കാരവൻ. തലശ്ശേരിയിൽ വിവാഹത്തിന് ആളുകളെ എത്തിച്ചശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.